Monday, December 2, 2019

ഗുൽമോഹർത്തണലിൽ

3 വർഷങ്ങൾക്ക് മുമ്പ് തൃശൂർ ഗവണ്മെന്റ് എൻജിനീയറിങ് കോളേജിലെ പ്രിയ സഖാവ്  നവീൻ എസ് രചിച്ച 'ഗുൽമോഹർത്തണലിൽ' എന്ന കവിതയ്ക്ക് ശബ്ദം നൽകിയപ്പോൾ..

https://youtu.be/TFh-8RvfLDE

Saturday, October 19, 2019

'ജോക്കർ' - തിരസ്കൃതന്റെ ഉന്മാദഹാസങ്ങൾ



'ജോക്കർ' സിനിമയെ ഞാൻ കണ്ടത് ഇങ്ങനെയൊക്കെയാണ്..
ബിഗ്‌ന്യൂസ്‌ പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു ചെറിയ ആസ്വാദനം..

*Spoiler Alert*

സിനിമ കണ്ടവർ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുമല്ലോ..

‘ജോക്കര്‍’: തിരസ്‌കൃതന്റെ ഉന്മാദഹാസങ്ങള്‍


മൂവി റിവ്യൂ / രഥീഷ്‌കുമാര്‍ കെ മാണിക്യമംഗലം
‘വേദന, വേദന, ലഹരി പിടിക്കും വേദന- ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദുരവമൊഴുകട്ടേ.’-ചങ്ങമ്പുഴ
തനിക്ക് പ്രിയപ്പെട്ട ‘ജോക്കര്‍ മാസ്‌കി’നു പിന്നില്‍ അന്തര്‍മുഖനായിരുന്നു സദാ അയാള്‍. മാനസികവും സാമ്പത്തികവുമായ തന്റെ പരിമിതികളെക്കുറിച്ച് ഉണ്ടായിരുന്ന ബോധ്യങ്ങള്‍ കൊണ്ട് തന്നിലേക്ക് തന്നെ ചുരുങ്ങുമ്പോഴും അയാള്‍ തുച്ഛമായ സാധ്യതകളിലേക്ക് ഉറ്റുനോക്കിയിരുന്നു. അതിന് വേണ്ടി കൗണ്‍സിലറെ മുടങ്ങാതെ സന്ദര്‍ശിച്ചിരുന്നു. ഫലിതങ്ങള്‍ എന്ന് സ്വയം കണ്ടെത്തിയവയെ എന്നെങ്കിലും ഒരിക്കല്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അടുക്കും ചിട്ടയുമില്ലാതെ എഴുതി സൂക്ഷിച്ചിരുന്നു.
ഭൂമിയിലേക്ക് തന്നെ പിടിച്ചുനിര്‍ത്തുന്ന ഒരേ ഒരു കണ്ണിയായ അമ്മ അയാളുടെ ജന്മനിയോഗത്തെക്കുറിച്ച് പറഞ്ഞത് വേദവാക്യം പോലെ ഉരുവിട്ടിരുന്നു. വൃദ്ധമാതാവിന് ഭക്ഷണമുണ്ടാക്കുന്നതിലും അവരെ കുളിപ്പിക്കുനതിലും അവരോടൊത്ത് നൃത്തം ചെയ്യുന്നതിലും അയാള്‍ സ്വച്ഛവും നിര്‍മ്മലവുമായ ആനന്ദം കണ്ടെത്തിയിരുന്നു. ആഴ്ന്നിറങ്ങുന്ന അസമത്വം സമൂഹത്തിന്റെ സംഘര്‍ഷങ്ങളെ അരാജകത്വത്തിലേക്ക് നയിക്കുമ്പോഴും സ്വയം അതിന്റെ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടിവരുമ്പോഴും അയാള്‍ അവയില്‍ നിന്നെല്ലാം അകലം പാലിക്കുകയും തന്റെ ആത്മസംഘര്‍ഷങ്ങളിലേയ്ക്ക് കൂടുതല്‍ ചുരുണ്ടുകൂടുകയുമായിരുന്നു. എല്ലാം പക്ഷെ സാവധാനം തകിടം മറിയുകയായിരുന്നു.

മുറുക്കിപ്പിടിച്ചതോരോന്നായി കൈവിട്ടുപോകാന്‍ തുടങ്ങുന്നു. പിടിച്ചുനില്‍ക്കാന്‍, തിരിച്ചുവരാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും പരിഹാസ്യമോ ദുരന്തമോ ആയി പര്യവസാനിക്കുന്നു. അങ്ങേയറ്റം അസ്വസ്ഥമായ ഒരു സന്ദര്‍ഭത്തില്‍, നൈമിഷികമായ ചോദനയാല്‍ തനിക്ക് ഉപയോഗിക്കേണ്ടിവരുന്ന തോക്ക് അയാളെ കീഴ്‌മേല്‍ മറിക്കുന്നു. പതിയെ അയാള്‍ ആത്മവിശ്വാസമുള്ള മറ്റൊരാളെ തന്നില്‍ കണ്ടെത്തുന്നു. ചിലപ്പോഴൊക്കെ അത് അയാളെ ഉന്മാദിയുമാക്കുന്നു. പക്ഷെ വലിയ വഴിത്തിരിവുകള്‍ വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
തന്റെ കേവലമായ അസ്തിത്വം പോലും അനിശ്ചിതമാകുമ്പോള്‍ അയാള്‍ പൂര്‍ണമായും മറ്റൊന്നായി മാറുന്നു. ഒന്നിനുപുറകെ ഒന്നെന്ന വണ്ണം ഹത്യകള്‍ ചെയ്യാന്‍ മടിയേതുമില്ലാത്ത തികഞ്ഞ ഉന്മാദിയായി അയാള്‍ പരിണമിക്കുന്നു. തരിമ്പുപോലും പശ്ചാത്താപം തന്റെ ചുറ്റുപാടുകള്‍ അര്‍ഹിക്കുന്നില്ലെന്ന് സ്വാനുഭവങ്ങളെ മുന്‍ നിര്‍ത്തി നിശ്ചയിച്ചുറപ്പിക്കുന്നു. ദുര്‍ബ്ബലമെന്ന് കരുതിപ്പോന്ന അയാളുടെ ശരീരം പോലും ആയുധം പോലെ മൂര്‍ച്ചയുള്ളതാകുന്നു.
ഒടുവില്‍ തന്റെ ജന്മനിയോഗത്തിന് കരുതിവെച്ച സന്ദര്‍ഭം ഒരു ചാറ്റ് ഷോയിലേക്കുള്ള ക്ഷണത്തിലൂടെ കരഗതമാകുമ്പോള്‍, ആ സന്ദര്‍ഭം മറ്റൊരു നിയോഗത്തിനായി അയാള്‍ നിശ്ചയിക്കുന്നു. പതിവില്ലാത്ത വിധം അതിനായി തയ്യാറെടുക്കുന്നു. മുമ്പെങ്ങോ എഴുതിവെച്ചതുപോലെ, സ്വന്തം മരണം ഏറ്റവും വലിയ ഫലിതമാക്കാന്‍ തീര്‍ച്ചയാക്കിയ അയാള്‍ പക്ഷെ ആ രംഗത്ത് ഇംപ്രൊവൈസ് ചെയ്ത് ചാറ്റ് ഷോ അവതാരകന് നേരെ നിറയൊഴിച്ച്, തന്റെ പരിമിതികളെ പരിഹസിച്ച ലോകത്തിന്റെ ഹൃദയം പിളര്‍ത്തി മറ്റൊരു നിയോഗത്തിന് തിരികൊളുത്തുന്നു.

നേരത്തെ അയാളുടെ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്ന് പുറപ്പെട്ട വെടിയുണ്ട അപ്പോഴേക്കും സാമൂഹ്യസംഘര്‍ഷത്തെ മൂര്‍ച്ഛിപ്പിക്കുകയും അയാളുടെ ജോക്കര്‍ മുഖം പ്രതിഷേധികളുടെ മുഖമായി മാറുകയും ചെയ്തിരുന്നു. അയാളെ ജയിലില്‍ അടയ്ക്കാനുള്ള അധികാരികളുടെ ശ്രമം അക്രമികള്‍ തകര്‍ക്കുകയും, ഒരു മൃദുപുഷ്പത്തെയെന്നതുപോലെ അയാളുടെ കൃശശരീരത്തെ പോലീസ് വാഹനത്തിനുമുകളില്‍ കിടത്തുകയും ചെയ്യുന്നു. മോഹാലസ്യം വിട്ട് ഉണരുന്ന അയാള്‍ കാണുന്നത് തനിക്ക് ചുറ്റും ആര്‍ത്തിരമ്പുന്ന ജോക്കര്‍ മുഖങ്ങളെയാണ്.
ഒരിക്കല്‍ തന്നെ അടിച്ചുവീഴ്ത്തിയ, ആ വ്യവസ്ഥിതിയുടെ ഇരകള്‍ക്ക്, മുഖം നഷ്ടപ്പെട്ട ജനതയ്ക്ക് പിന്നീട് ഒരു മുഖം കിട്ടിയത് തന്നിലൂടെയാണെന്ന് തിരിച്ചറിഞ്ഞ അയാള്‍, അധികാരബിംബമായ പോലീസ് വാഹനത്തിന്റെ മുകളില്‍ നിയോഗനിര്‍വൃതിയാല്‍ നൃത്തം ചെയ്യുന്നു. അയാളെ കീഴടക്കിയെന്ന് കരുതിയ വ്യവസ്ഥിതിയുടെ കനത്ത ചുമരുകള്‍ക്കുള്ളില്‍ പോലും രക്തക്കറ പുരണ്ട കാല്‍പാദങ്ങളുമായി തന്റെ നിയോഗം തുടരുന്നു.
മറ്റ് വിശദാംശങ്ങള്‍ വിട്ടുകളഞ്ഞാല്‍ ഇങ്ങനെ സംഗ്രഹിക്കാം ആര്‍തര്‍ ഫ്‌ലെക്ക് എന്ന ഏകാകിയുടെ യാത്രകളെ. അസ്വസ്ഥമാക്കുന്ന വല്ലാത്ത ഒരു ദൃശ്യാനുഭവമാണ് ടോഡ് ഫിലിപ്സ് (Todd Phillips) ആവിഷ്‌കരിച്ച ‘ജോക്കര്‍’. ഇരുണ്ടതും മുഷിഞ്ഞതുമായ നിറങ്ങളും, ചിലപ്പോള്‍ ചടുലവും മറ്റു ചിലപ്പോള്‍ പതിഞ്ഞതുമായ ദൃശ്യങ്ങളും കൊണ്ട് സിനിമ നമ്മുടെ കണ്ണുകളെ സ്‌ക്രീനിലേക്ക് കോര്‍ത്തു പിടിക്കുന്നു. മാനസിക അസ്വാസ്ഥ്യം കൊണ്ട് അനവസരങ്ങളില്‍ പൊട്ടിവിടരുന്ന, ചിലപ്പോള്‍ അനിയന്ത്രിതമായി തുറന്നുപോകുന്ന, കരച്ചിലിന്റെ വക്കോളമെത്തുന്ന അയാളുടെ ചിരി എന്ന ബിംബകല്പന ഒന്നുമാത്രം മതി ഈ സിനിമ നമ്മുടെ കരള്‍ പിളര്‍ക്കാന്‍. അനിതരസാധാരണമാം വണ്ണം ഈ കഥാപാത്രത്തെ തന്റെ ശരീരത്തിലേക്കും ഹൃദയത്തിലേക്കും ആവാഹിച്ച ജോക്വിന്‍ ഫീനിക്‌സ് (Joaquin Phoenix) എന്ന നടന്‍ ഒരു പക്ഷെ തന്റെ നടനനിയോഗം പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നു തോന്നും.

മുതലാളിത്തത്തിന്റെ ലാഭക്കൊതി ഒരു രാജ്യത്തിന്റെ വ്യവസ്ഥിതിയെ തന്നെ അട്ടിമറിക്കുന്നതും, തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ജനങ്ങള്‍ അസ്വസ്ഥരായ ആള്‍ക്കൂട്ടങ്ങളായിമാറുന്നതും, അവര്‍ ആയുധമേന്തുന്നതോടെ ആ രാജ്യം സമ്പൂര്‍ണ്ണ അരാജകസമൂഹമായി മാറുന്നതും ചരിത്രത്തില്‍ നമുക്ക് പുതുമയല്ല. ആര് ആദ്യ കാഞ്ചി വലിക്കും എന്നത് മാത്രമാണ് ചോദ്യം. മുതലാളിത്തവ്യവസ്ഥിതി സൃഷ്ടിക്കുന്ന അസമത്വം ദിനംപ്രതി മൂര്‍ച്ഛിക്കപ്പെടുന്ന ഏത് സമൂഹത്തിലും ഈ സിനിമ ഒരു മുന്നറിയിപ്പ് കൂടിയാണ്.
അന്നത്തെ ഗോഥം നഗരം, മുതലാളിത്തം കശക്കിയെറിഞ്ഞ ഇന്നത്തെ ഏത് മൂന്നാം ലോക രാജ്യവുമാവാം. നാളത്തെ ഇന്ത്യയുമാവാം. ജനക്ഷേമങ്ങളില്‍ നിന്ന് മുഖം തിരിക്കുന്ന ഭരണകൂടവും, വര്‍ധിച്ചുവരുന്ന തൊഴില്‍ നഷ്ടങ്ങളും, ആസൂത്രിതമായ അന്യവല്‍ക്കരണവും ഇത്തരം സാഹചര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആ അര്‍ഥത്തില്‍ ‘ജോക്കര്‍’ ഒരു രാഷ്ട്രീയ സിനിമ കൂടിയാണ്.
സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന രീതിയില്‍ ‘ടാക്‌സി ഡ്രൈവറോ’ടും (Taxi Driver, 1976), മറ്റ് സാമ്യതകള്‍ കൊണ്ട് ‘വി ഫോര്‍ വെന്റെറ്റ’-യോടും (V for Vendetta, 2005) തോന്നാവുന്ന സാമ്യതകൾ പക്ഷെ ‘ജോക്കറി’ന്റെ കലാപരമോ സാമൂഹ്യമോ ആയ മൂല്യത്തെ ഒരു തരി പോലും കുറയ്ക്കുന്നില്ല. ഒരേ ഒരു കാര്യം, ‘ബാറ്റ്മാൻ’ സിനിമ കാണാൻ പോകുന്ന ലാഘവത്വത്തോടെ ഇതിനെ സമീപിക്കരുത് എന്നതുമാത്രമാണ്. അന്തിമവിശകലനത്തില്‍, വ്യക്തിയുടെ ആത്മസംഘർഷങ്ങളും സമൂഹത്തിന്റെ ആന്തരികസംഘർഷങ്ങളും പരസ്പരപൂരകങ്ങളാണ് എന്ന സാമൂഹ്യപാഠം ‘ജോക്കർ’ മുഖംമൂടിയില്ലാതെ പറഞ്ഞുവെക്കുന്നുണ്ട്, അങ്ങേയറ്റം അസ്വസ്‌ഥതയോടെ തന്നെ.
“When injustice is done there should be a revolt in the city. And if there is no revolt, it were better that the city should perish in fire before the night falls”
-Bertolt Brecht
.

Sunday, October 13, 2019

മനുഷ്യമനസ്സിലല്ലാതെ മറ്റെവിടെയും നങ്കൂരമുറയ്ക്കാത്ത ഭാരമേറിയ ഒരു പടുകൂറ്റൻ കപ്പൽ പോലെയാണ് എന്റെ മനസ്സ്.
അദൃശ്യമായെങ്കിലും കൈകൾ കോർക്കുന്ന ഒരു മനുഷ്യൻ പോലുമില്ലാത്ത, നിരുപാധികമായി പുഞ്ചിരിക്കുന്ന ഒരു മുഖം പോലുമില്ലാത്ത ഏത് ഇടവും എനിക്ക് വിദൂരതാരം പോലെ അജ്ഞാതമാണ്.
ഒരു പുസ്തകമോ, പാട്ടോ, എന്തിന് ഒരു നിമിഷം പോലുമോ ഒരാളെയെങ്കിലും അടയാളപ്പെടുത്തുന്നില്ലെങ്കിൽ അവ പൊടുന്നനെ മാഞ്ഞുപോവും..
ഇളം ചൂടുള്ള ഓർമ്മകളുടെ നിലയില്ലാത്ത ഉൾക്കടൽ തേടി വീണ്ടും കപ്പൽ യാത്രതുടരും..

Saturday, August 31, 2019

വന്യം

'വന്യം' (ചെറുകഥ)
വിവേക് ചന്ദ്രൻ

തൃശൂർ എൻജിനീയറിങ് കോളേജിലെ സഹപാഠിയും  പ്രിയസുഹൃത്തുമായ വിവേക് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമായ 'വന്യ'ത്തെ കുറിച്ച് അങ്കമാലി ബേസിൽ ബുക്സിന്റെ  FB പേജിൽ എഴുതിയ പുസ്തകപരിചയം സസ്നേഹം പങ്കുവെക്കുന്നു:
https://www.facebook.com/1817472791853184/posts/2293941437539648/

കൂട്ടത്തിൽ ഇത്രയും കൂടി കൂട്ടിച്ചേർക്കുന്നു:

കണക്കിന്റെ ഒരു പ്രത്യേകത നിങ്ങൾക്കതിൽ അവ്യക്തത സൂക്ഷിക്കാനാവില്ല എന്നതാണ്. തെറ്റായ ഒരു ഊഹം ഒരു നീണ്ട ഡെറിവേഷനിലെ അവസാനവരിയിൽ തെറ്റി തകർന്നുപോകും, ഉറപ്പ്. ഇങ്ങനെ സങ്കീർണമായ ഡെറിവേഷനിലൂടെ ഒരു പ്രശ്നം പരിഹരിക്കുന്നതുപോലെയാണ് വിവേകിന്റെ കഥകൾ. ഒറ്റപ്പെട്ടുപോയവന്റെ അസ്തിത്വമാണ് പരിഹരിക്കേണ്ടത്. കഥാപാത്രവും കഥാകൃത്തും ചേർന്ന് നടത്തുന്ന അന്വേഷണങ്ങൾ കഥാന്ത്യത്തിൽ പൂർണ്ണമാകുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ഒരേസമയം ഒരു ആശ്വാസത്തിന്റെ നെടുവീർപ്പും അതേസമയം അസ്‌ഥി തുളയ്ക്കുന്ന ഒരു ഞെട്ടലും ഉണ്ടാവുന്നു.

മനുഷ്യമനസ്സാണ് കഥാകാരന്റെ പ്രധാന ആയുധം. എല്ലാ രഹസ്യങ്ങളുടെയും മൃതദേഹം അടക്കം ചെയ്ത മനസ്സിനെയാണ് കഥാകൃത്ത് പലപ്പോഴും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുക. അത് ചിലപ്പോൾ അശരീരിയാവാം (സമരൻ ഗണപതി), കൺകെട്ട് ആവാം (പ്രഭാതത്തിന്റെ മണം) അല്ലെങ്കിൽ സർവൈവർ ഗിൽറ്റ് ആവാം (ഭൂമി). ജീവിതത്തിലെ സുനിശ്ചിതസത്യമായ മരണമാണ് വിവേകിന്റെ കഥകളിലെ സ്‌ഥിരസാന്നിധ്യം. അതുകൊണ്ടുതന്നെ ഈ കഥകളെല്ലാം മറ്റൊരു തരത്തിൽ സത്യാന്വേഷണങ്ങൾ കൂടിയാണ്.

വിവേക് തന്റെ കഥാപാത്രങ്ങൾക്കായി കണ്ടെത്തുന്ന പേരുകളും അദ്ദേഹത്തിന്റെ കഥാപരിസരങ്ങൾ പോലെ വിചിത്രമാണ്. സമരൻ ഗണപതി, ഭൂമി ശൈത്യൻ, മുപ്പുരവാസൻ, ഏകനാഥൻ, എന്നിങ്ങനെ പോകുന്നു അവ. പത്മരാജന്റെയും, എൻ എസ് മാധവന്റെയും കഥകളിൽ ഇത്തരം കഥാപരിസരങ്ങളുടെയും കഥാപാത്രങ്ങളുടെയും വൈചിത്ര്യം കാണാനാവും. നമ്മൾ ഇതുവരെ കാണാത്ത ഏത് കോണിൽ നിന്നാണ് ഇവർ ഈ കഥാപാത്രങ്ങളെ കൂട്ടിക്കൊണ്ടുവരുന്നതെന്ന് നമ്മൾ അതിശയിക്കും.

വന്യം എന്ന കഥാസമാഹാരത്തിലെ 'പ്രഭാതത്തിന്റെ മണം' തുടങ്ങി 'മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച്' എന്നതിലേക്ക് എത്തുമ്പോൾ ഒരു ശില്പവടിവൊത്ത രചനാശൈലി രൂപപ്പെടുന്നത് നമുക്ക് ആസ്വദിക്കാനാവും. തീർച്ചയായും അത് വിവേകിന്റെ അടുത്ത കഥകൾക്കായി നമ്മെ കാത്തിരിപ്പിക്കാൻ പോന്ന കരുത്തുള്ളതാണ്..

(സുഹൃത്തിന്റെ കഥയെക്കുറിച്ചെഴുത്താൻ കാരണഭൂതനായ, കാരണവരുമായ, ബേസിൽ ബുക്സിന്റെ എല്ലാമെല്ലാമായ പീറ്ററേട്ടനോട് പ്രത്യേക സ്നേഹം❤️)

Wednesday, December 26, 2018

ബെള്ളിക്കോത്തിന്റെ നിശ്ചലദൃശ്യങ്ങൾ

കുട്ടിക്കാലത്തെ ഓർമകൾ മിക്കവാറും നിശ്ചലദൃശ്യങ്ങൾ പോലെയാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ചലിക്കുന്ന ഓർമകൾ കുറവാണ്. അതുകൊണ്ട് മൂന്നാം ക്‌ളാസ് വരെ പഠിച്ച കാഞ്ഞങ്ങാട്ടെ ബെള്ളിക്കോത്ത് സ്കൂളിനെയും ആ ഗ്രാമത്തെയും കുറിച്ചുള്ള ഓർമകൾ ഇതുപോലെ നിശ്ചലദൃശ്യങ്ങളായാണ് മനസ്സിൽ തെളിയാറ്. വാടകവീടിന്റെ മുറ്റത്തിന്റെ ഒരു വശത്ത് അച്ഛനും മറുവശത്ത് ഞാനും ചേട്ടനും ചേർന്ന് ഷട്ടിൽ കളിക്കുന്നത്, 'സോവിയറ്റ് നാടി'ന്റെയും 'സ്പുട്നിക്കി'ന്റെയും കട്ടിയുള്ള വർണക്കടലാസുകൾ, 'സാജൻ' സിനിമയുടെ ഓഡിയോ കാസറ്റ് കവറിൽ മുടിനീട്ടിവളർത്തിയ സൽമാൻ ഖാന്റെ മുഖം, പച്ചക്കറി അരിയുന്ന അമ്മയുടെ നീട്ടിവെച്ചകാലുകളിൽ കിടന്ന് റേഡിയോയിൽ 'വയലും വീടും' കേൾക്കുന്നത്, സ്‌കൂൾ വിട്ട് വരുന്ന തവിട്ട് നിറമുള്ള ഉടുപ്പിട്ട പ്രിയ, സ്‌കൂൾ വരാന്തയിൽ മറൂണും ക്രീമും കളറുള്ള യൂണിഫോമിട്ട് ഇരുവശത്തേക്കും മുടി പിന്നിയിട്ട് ചിരിച്ചുനിൽക്കുന്ന പ്രസീദ, അജ്ഞാതമായ ഏതോ പാടവരമ്പിലൂടെ ബാലനോടൊപ്പം നടന്നുനീങ്ങുന്നത്, 1990-ലെ ഒരു രാത്രിയിൽ ലീലാവതി ടീച്ചറുടെ വീട്ടിലെ ടീവിയിൽ കണ്ട ലോകകപ്പ് ഫൈനലിൽ തോറ്റ് കുട്ടികളെപ്പോലെ വിതുമ്പുന്ന മറഡോണ, ആയിടെ വാങ്ങിയ ആധുനിക തയ്യൽ മെഷീനിൽ രേണുകേട്ടി തുന്നിപ്പഠിച്ച പുതിയ ഡിസൈനുകൾ, ചേട്ടനും കൂട്ടുകാരും ചേർന്ന് വോളിബോൾ മത്സരം നടത്താനുള്ള പണം പിരിയ്ക്കാൻ കാർബൺ പേപ്പർ വെച്ച് എഴുതിതയ്യാറാക്കിയ സംഭാവനാ റെസിപ്റ്റിലെ ഉരുണ്ട ഭംഗിയുള്ള അക്ഷരങ്ങൾ, 'കൊങ്ങിണികളുടെ വീട്ടി'ലെ ടിവിയിൽ ഞായറാഴ്ച തെളിയുന്ന 'പരംവീരചക്രം'.. ഇതെല്ലാം ഫോട്ടോഗ്രാഫുകൾ പോലെ മനസ്സിലുണ്ട്. ചലിക്കുന്ന ഓർമകൾ തുടങ്ങും മുൻപ്, സ്വദേശമാണെന്ന് വെക്കേഷനിൽ മാത്രം ഓർക്കാറുണ്ടായ, അങ്കമാലിയിലേയ്ക്ക് പറിച്ചുനടുകയായിരുന്നു. മഹാകവി പി-യുടെ നാട്ടിൽ നിന്ന് മഹാകവി ജി-യുടെ നാട്ടിലേയ്ക്ക്. പിന്നീട് പ്രിയയും, ശങ്കർ മോഹനും സുജിത്തേട്ടനും മറ്റും എഴുതുമായിരുന്ന കത്തുകളിൽ ആ നാട് ഇടയ്ക്കിടെ ഓർമയിൽ വന്നു, ഏതാനും വർഷങ്ങളോളം.
അതുകൊണ്ട് കുട്ടിക്കാലം എന്ന് പറയുമ്പോൾ ഫ്രെയിമിൽ ആദ്യം നിറയുക ബെള്ളിക്കോത്ത് ആണ്. പിന്നീട് നീണ്ട 25 വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞ വർഷം ബെള്ളിക്കൊത്തേക്ക് പോവാൻ കഴിഞ്ഞത്. എന്നാൽ മീനാക്ഷിയേട്ടിയേയും കൈരളി ടീച്ചറെയും മാത്രം ഒന്ന് കണ്ട് വേഗം തിരിച്ചുവന്നു.
ഇന്ന് ഒരിക്കൽ കൂടി പോയി. 1995-'96 ബാച്ച് വിദ്യാർത്ഥികളുടെ 'സതീർഥ്യസംഗമ'ത്തിലേയ്ക്ക് അമ്മയെ ക്ഷണിച്ചത് കൊണ്ട്, ആ ബാച്ചുമായി ഞങ്ങൾ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട്, അതിൽ പങ്കെടുക്കാൻ. ഏതാനും മണിക്കൂറുകൾ മാത്രമാണ് അവിടെ ചിലവഴിച്ചത്. എത്ര പെട്ടെന്നാണ് അന്നത്തെ വിദ്യാർത്ഥികൾ, അധ്യാപകർ അവരിലേക്ക് ചേർത്തുപിടിച്ചത്. 'ഇനി നിന്റെ മുഴുവൻ പേര് അറ്റന്റൻസ് വിളിക്കണമെങ്കിൽ ഹോർലിക്‌സ് മേടിച്ചുതരണം' എന്ന് പറയുമായിരുന്ന ലീലാവതി ടീച്ചർ, ആ ഒരു ഓർമയുടെ അയവിറക്കലിൽ ഒരു നിമിഷം കൊണ്ട് എന്നെ മൂന്നാം ക്ലാസ്സിൽ ഇരുത്തി. കൈരളി ടീച്ചർ, ഭട്ട് മാഷ്, രണ്ട് മാധവൻ മാഷുമാർ, നാരായണൻ മാഷ്‌ എന്നിവരും വാത്സല്യം മറച്ചുവെച്ചില്ല. 26 വർഷങ്ങൾക്ക് ശേഷം പ്രസീദയെ കണ്ടു. അവൾ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഗൗരവക്കാരിയായിരിക്കുന്നു. സുജിത്തേട്ടന്റെയും ബീനച്ചേച്ചിയുടെയും നോട്ടങ്ങളിൽ ചേട്ടന്റെയും ചേച്ചിയുടെയും അധികാരഭാവങ്ങൾ ഇടയ്ക്ക് മിന്നിത്തെളിഞ്ഞു. ഹാ! ഈ നാട് വല്ലാതെ പിടിച്ചുവലിയ്ക്കുന്നു.
തിരിച്ചുപോരുമ്പോൾ ഒന്ന്‌ മനസ്സിൽ ഉറപ്പിക്കുന്നു, ഇനിയും വരും ഈ നാട്ടിലേയ്ക്ക്. ഏറ്റവും ആദ്യം മുളച്ച ഓർമയുടെ വേരുകൾ ആണ്ടത് ഈ നാടിന്റെ നിഷ്കളങ്കമായ മണ്ണിലേയ്ക്കായിരുന്നു. ഈ നാട് ഞങ്ങളുടെയും കൂടിയാണ്..

Wednesday, November 14, 2018

ശിശുദിനം: നെഹ്റു അനുസ്മരണം



അദ്ദേഹത്തെ നയിച്ചത് മതാത്മകത അല്ലായിരുന്നു, എന്നിട്ടും മഹാത്മാഗാന്ധിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
അതേ സമയം തന്നെ അംബേദ്കറെ ബഹുമാനിക്കാൻ അദ്ദേഹത്തിന് കാരണങ്ങളുണ്ടായിരുന്നു. സ.ഏ.കെ.ജി.-യെ സസൂക്ഷ്മം കേൾക്കാൻ അദ്ദേഹത്തിന് ഒരിക്കലും വൈമുഖ്യമില്ലായിരുന്നു. വി.കെ.കൃഷ്ണമേനോനും ലോർഡ് മൌണ്ട് ബാറ്റനും അദ്ദേഹം ആദരണീയനീയനായിരുന്നു. അടുത്ത സഹപ്രവർത്തകർ ആയിരുന്നിട്ടും ഡോ. രാജേന്ദ്രപ്രസാദിനെയും വല്ലഭായ് പട്ടേലിനെയും തിരുത്തേണ്ടപ്പോൾ തിരുത്താൻ അദ്ദേഹം തെല്ലും അമാന്തിച്ചിട്ടില്ല. ഒരു നവസ്വതന്ത്ര-ദരിദ്രരാജ്യത്തിന്റെ പ്രധാനമന്ത്രിയായല്ല, ഒരു ലോകനേതാവായാണ് അദ്ദേഹം ശ്രവിക്കപ്പെട്ടത്.
നെഹ്‌റുവിനെ വ്യക്തിപരമായി ആദർശവൽക്കരിക്കയല്ല. ഏത് ചിന്താധാരകളോടും സംവദിക്കാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യബോധത്തെയാണ് ഞാൻ ആദരിക്കുന്നത്. ജനാധിപത്യത്തിലും, മതേതരത്വത്തിലും, ശാസ്‌ത്രോന്മുഖമായ കാഴ്ചപ്പാടിലും അടിയുറച്ചുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടിൽ തനിക്കുണ്ടായിരുന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
ഇതിനൊന്നും ശേഷിയില്ലാഞ്ഞിട്ടും അദ്ദേഹം ഇരുന്നലങ്കരിച്ച പദവിയിൽ ഇന്ന് ഇരിക്കുന്നയാൾ മറ്റ് രാജ്യതലവന്മാരെ ജന്മദിനത്തിൽ സർപ്രൈസ് വിസിറ്റ് നടത്തിയും, ഇന്ത്യൻ വസ്ത്രം അയച്ചുകൊടുത്തും, പശുക്കളെ സമ്മാനിച്ചും, ലോകപൗരനാവാൻ ശ്രമിച്ചു സ്വയം കോമാളിയാവുമ്പോൾ, ഗണപതിയാണ് പ്ലാസ്റ്റിക് സർജറിയുടെ ആദ്യരൂപം എന്ന് ശാസ്ത്രജ്ഞരോട് പ്രസംഗിച്ചു പരിഹാസ്യനാവുമ്പോൾ, കയ്യിൽ പറ്റിയ രക്തക്കറ മായ്ക്കാൻ കോടതികൾ കയറിയിറങ്ങുമ്പോൾ നെഹ്രുവിന്റെ ഔന്നത്യം ഒന്നുകൂടി ഉയരുകയാണ്..
'കുട്ടികളുടെ ചാച്ചാജി' എന്നാണ് വിളിപ്പേരെങ്കിലും, കുട്ടിയായിരുന്നപ്പോഴത്തേക്കാളും മുതിർന്നപ്പോഴാണ് എനിക്ക് അദ്ദേഹം കൂടുതൽ പ്രിയങ്കരനാവുന്നത്..
[വിയോജിപ്പുകളും വിമർശനങ്ങളും ഇല്ലെന്നല്ല. അതൊക്കെ നിലനിർത്തുമ്പോഴും അദ്ദേഹത്തെ ആദരിക്കാൻ ഒരു മടിയും തോന്നുന്നില്ല എന്നാണ്.]

Friday, October 26, 2018

ശബരിമലയിലെ ഗാന്ധിനിന്ദ

'ഗാന്ധിയൻ സമരമാർഗ്ഗം' എന്നാണ് ശബരിമലയിലെ സമരത്തിന് നേതൃത്വം നൽകിയവർ നാഴികയ്ക്ക് നാല്പതുവട്ടം ഇപ്പോൾ പറയുന്നത്. ഗാന്ധിജിയോട് യോജിച്ചാലും വിയോജിച്ചാലും ഗാന്ധിജിയെ കുറിച്ച് മിനിമം ധാരണയുള്ളവർ ഇതൊക്കെ കേട്ടാൽ ചിരിച്ചുമരിക്കും.
സുപ്രീംകോടതിയുടെ വിധിയെ കുറിച്ച് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും തനത് നിലപാട് ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരും പുറത്തുപറഞ്ഞിട്ടില്ല. എന്നുമാത്രമല്ല വിധി പ്രഖ്യാപിച്ചയുടൻ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തവരാണ് ഇരുവരും. പിന്നെ അവർ സ്വീകരിച്ച ഒരേ ഒരു നിലപാട് "വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കും" എന്നുമാത്രമാണ്. അതിനുമുമ്പ് അടിസ്‌ഥാനപരമായി സ്വന്തം നിലപാടെന്തെന്നു പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. വിശ്വാസികളുടെ താല്പര്യം ഇവർ എങ്ങനെ മനസിലാക്കി? ഇവരുടെ ഏതെങ്കിലും ഘടകം വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തിയോ?
അങ്ങനെ വിശ്വാസികളുടെ സംരക്ഷകത്വം സ്വയം ഏറ്റെടുത്ത കോൺഗ്രസ്/ബിജെപി നേതാക്കളും രാഹുൽ ഈശ്വർ അടക്കമുള്ള വർഗീയവാദികളും പിന്നെ സമരമുഖത്ത് മൽസരിച്ച് നടത്തിയ 'ഗാന്ധിയൻ' പ്രസംഗങ്ങൾ നമ്മൾ കണ്ടതാണ്. പ്രകോപനപരമായ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും ഗൂഡാലോചനയുടേയും ഭാഗമായി നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പക്ഷെ ആരും തയ്യാറല്ല.  ലോകത്തിനു മുൻപിൽ 'കേരളമാതൃക' സൃഷ്ടിച്ച നമ്മൾ ഈ അക്രമങ്ങളുടെ പേരിൽ അതേ ലോകത്തിനു മുന്നിൽ തലകുനിച്ചു നിന്നു.
ഒരു സമരത്തിന് നേതൃത്വം നൽകുന്നവർ ആദ്യം പാലിക്കേണ്ട മര്യാദ ആ സമരത്തിന്റെ ഫലത്തിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആർജവം കാണിക്കണം എന്നതാണ്, അതെന്തായാലും. നേതൃത്വം നൽകിയത് ഞങ്ങൾ, അക്രമം നടത്തിയത് ആദിവാസികളും വിശ്വാസികളും. വിശ്വാസികളുടെ വിശ്വാസസംരക്ഷണം ഏറ്റെടുത്ത ഇക്കൂട്ടർ പക്ഷെ 'വിശ്വാസികൾ'  നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല.  ഇതിൽപ്പരം ഒരു നട്ടെല്ലില്ലായ്മ ഉണ്ടോ?
ഇവരാണ് ഗാന്ധിജിയെ കുറിച്ച് വാചാലരാകുന്നത്. ഇക്കൂട്ടരോട് ചരിത്രത്തെ പറ്റി ചോദിക്കാൻ പാടില്ലാത്തതാണ്. എങ്കിലും നിങ്ങൾ 'ചൗരി ചൗര സംഭവം' എന്നു കേട്ടിട്ടുണ്ടോ? 1920-ൽ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്‌ഥാനം ഇന്ത്യയിൽ മുഴുവൻ ആഞ്ഞടിച്ച് മുന്നേറുന്നതിനിടയിലാണ് 1922-ൽ ഇന്നത്തെ ഉത്തർ പ്രദേശിലെ ചൗരി ചൗര എന്ന സ്‌ഥലത്തു സമാധാനമായി പ്രകടനം നടത്തിയ സമരസേനാനികളെ പോലീസ് കടന്നാക്രമിക്കുകയും, തുടർന്ന് സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും, ഈ സംഘർഷത്തിന്റെ ഭാഗമായി 3 സമരഭടന്മാരും ഇരുപതിലധികം പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെടുകയും ചെയ്തത്. ഇത് ഗാന്ധിജിയെ വല്ലാതെ ഉലച്ചുകളഞ്ഞു. എക്കാലവും അഹിംസയിൽ ഉറച്ചുനിന്ന അദ്ദേഹം, പക്ഷെ തന്റെ ആഹ്വാനപ്രകാരം നടന്ന സമരം ഇവ്വിധം ആയിത്തീർന്നതിൽ ഖിന്നനാവുകയും, 5 ദിവസം  നിരാഹാരം അനുഷ്ഠിക്കുകയും  ചെയ്തു. പിന്നീട് കോൺഗ്രസ്സിന്റെ എതിർപ്പ്‌ വകവെയ്ക്കാതെ ഇന്ത്യയിൽ എമ്പാടും പടർന്നുപിടിച്ച സമരം പിൻവലിക്കുകയും ചെയ്തു. വലിയ വിമർശനങ്ങളും, ശകാരങ്ങൾ പോലും ഇതിന്റെ പേരിൽ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇതിന്റെ ഉത്തരവാദത്തിൽ നിന്നു അദ്ദേഹം തന്നെ ഒരിക്കലും മുക്തനാക്കിയില്ല.
നിസ്സഹരണ പ്രസ്‌ഥാനം പിൻവലിച്ചതിന് ശേഷം കേസ് ചുമത്തപ്പെട്ട ഗാന്ധിജി, 1922 മാർച്ച് 18-നു അഹമ്മദാബാദ് കോടതിയിൽ കേസിന്റെ വിചാരണവേളയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: "ചൗരി ചൗരയിലും ബോംബെയിലും മദ്രാസിലും നടന്ന സംഭവങ്ങളെ സംബന്ധിച്ചു അഡ്വക്കേറ്റ് ജനറൽ എനിക്കെതിരെ നടത്തിയ ആരോപണങ്ങളെ അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എത്രയോ ദിവസങ്ങളോളം ആഴത്തിൽ ചിന്തിച്ചിട്ടും അങ്ങേയറ്റം ദാരുണമായ മേൽസംഭവങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കാൻ എനിക്കാവുന്നില്ല. വിദ്യാസമ്പന്നനും, അനുഭവസമ്പന്നനുമായ എനിക്ക് എന്റെ ഓരോ പ്രവൃത്തിയുടെയും അനന്തരഫലം മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. തീകൊണ്ടാണ് കളിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു."
"അക്രമം ഒഴിവാക്കപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ വിശ്വാസത്തിലെ ആദ്യസ്‌ഥാനം അഹിംസയ്ക്കാണ്‌. എന്റെ വിശ്വാസപ്രമാണത്തിലെ അവസാന ഘടകവും അതുതന്നെ."
"എന്റെ ജനങ്ങൾ ചിലപ്പോൾ പരിധിവിട്ടുവെന്നു എനിക്കറിയാം. അതിൽ എനിക്ക് അതിയായ ഖേദമുണ്ട്. അതിനാൽ എനിക്ക് പറയാനുള്ളത്, നിങ്ങൾ എനിക്ക് ഏറ്റവും ലഘുവായ ശിക്ഷ തരണം എന്നല്ല, ഏറ്റവും കഠിനമായ ശിക്ഷ തന്നെ തരണം എന്നാണ്. ഞാൻ ഒരു ദയയും ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും തരത്തിൽ ഇതിനെ ലഘൂകരിക്കണം എന്ന് കേഴുന്നുമില്ല."
തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. പക്ഷെ, ഒരു തരത്തിലും തന്നെ ഈ സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മോചിതനാക്കുന്നില്ല.
ഈ ഗാന്ധിജിയെ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ അക്രമസമരക്കാർ 'ഗാന്ധിമാർഗ്ഗം' എന്നുപറയുന്നതെങ്കിൽ നിങ്ങൾക്കുതെറ്റി. ഇനിയെങ്കിലും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാനാകാത്ത നിങ്ങളുടെ പുളിച്ച സമരങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കരുത്. അത് അദ്ദേഹത്തോടും ചരിത്രത്തോടും ചെയ്യുന്ന കടുത്ത അനീതിയാണ്. കാരണം നിങ്ങളുടെയും നിങ്ങളുടെ ഈ സമരത്തിന്റെയും സ്‌ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.