Friday, October 26, 2018

ശബരിമലയിലെ ഗാന്ധിനിന്ദ

'ഗാന്ധിയൻ സമരമാർഗ്ഗം' എന്നാണ് ശബരിമലയിലെ സമരത്തിന് നേതൃത്വം നൽകിയവർ നാഴികയ്ക്ക് നാല്പതുവട്ടം ഇപ്പോൾ പറയുന്നത്. ഗാന്ധിജിയോട് യോജിച്ചാലും വിയോജിച്ചാലും ഗാന്ധിജിയെ കുറിച്ച് മിനിമം ധാരണയുള്ളവർ ഇതൊക്കെ കേട്ടാൽ ചിരിച്ചുമരിക്കും.
സുപ്രീംകോടതിയുടെ വിധിയെ കുറിച്ച് കോൺഗ്രസ്സിന്റെയും ബിജെപിയുടെയും തനത് നിലപാട് ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരും പുറത്തുപറഞ്ഞിട്ടില്ല. എന്നുമാത്രമല്ല വിധി പ്രഖ്യാപിച്ചയുടൻ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തവരാണ് ഇരുവരും. പിന്നെ അവർ സ്വീകരിച്ച ഒരേ ഒരു നിലപാട് "വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കും" എന്നുമാത്രമാണ്. അതിനുമുമ്പ് അടിസ്‌ഥാനപരമായി സ്വന്തം നിലപാടെന്തെന്നു പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. വിശ്വാസികളുടെ താല്പര്യം ഇവർ എങ്ങനെ മനസിലാക്കി? ഇവരുടെ ഏതെങ്കിലും ഘടകം വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തിയോ?
അങ്ങനെ വിശ്വാസികളുടെ സംരക്ഷകത്വം സ്വയം ഏറ്റെടുത്ത കോൺഗ്രസ്/ബിജെപി നേതാക്കളും രാഹുൽ ഈശ്വർ അടക്കമുള്ള വർഗീയവാദികളും പിന്നെ സമരമുഖത്ത് മൽസരിച്ച് നടത്തിയ 'ഗാന്ധിയൻ' പ്രസംഗങ്ങൾ നമ്മൾ കണ്ടതാണ്. പ്രകോപനപരമായ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും ഗൂഡാലോചനയുടേയും ഭാഗമായി നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പക്ഷെ ആരും തയ്യാറല്ല.  ലോകത്തിനു മുൻപിൽ 'കേരളമാതൃക' സൃഷ്ടിച്ച നമ്മൾ ഈ അക്രമങ്ങളുടെ പേരിൽ അതേ ലോകത്തിനു മുന്നിൽ തലകുനിച്ചു നിന്നു.
ഒരു സമരത്തിന് നേതൃത്വം നൽകുന്നവർ ആദ്യം പാലിക്കേണ്ട മര്യാദ ആ സമരത്തിന്റെ ഫലത്തിന്റെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആർജവം കാണിക്കണം എന്നതാണ്, അതെന്തായാലും. നേതൃത്വം നൽകിയത് ഞങ്ങൾ, അക്രമം നടത്തിയത് ആദിവാസികളും വിശ്വാസികളും. വിശ്വാസികളുടെ വിശ്വാസസംരക്ഷണം ഏറ്റെടുത്ത ഇക്കൂട്ടർ പക്ഷെ 'വിശ്വാസികൾ'  നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ല.  ഇതിൽപ്പരം ഒരു നട്ടെല്ലില്ലായ്മ ഉണ്ടോ?
ഇവരാണ് ഗാന്ധിജിയെ കുറിച്ച് വാചാലരാകുന്നത്. ഇക്കൂട്ടരോട് ചരിത്രത്തെ പറ്റി ചോദിക്കാൻ പാടില്ലാത്തതാണ്. എങ്കിലും നിങ്ങൾ 'ചൗരി ചൗര സംഭവം' എന്നു കേട്ടിട്ടുണ്ടോ? 1920-ൽ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്‌ഥാനം ഇന്ത്യയിൽ മുഴുവൻ ആഞ്ഞടിച്ച് മുന്നേറുന്നതിനിടയിലാണ് 1922-ൽ ഇന്നത്തെ ഉത്തർ പ്രദേശിലെ ചൗരി ചൗര എന്ന സ്‌ഥലത്തു സമാധാനമായി പ്രകടനം നടത്തിയ സമരസേനാനികളെ പോലീസ് കടന്നാക്രമിക്കുകയും, തുടർന്ന് സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും, ഈ സംഘർഷത്തിന്റെ ഭാഗമായി 3 സമരഭടന്മാരും ഇരുപതിലധികം പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെടുകയും ചെയ്തത്. ഇത് ഗാന്ധിജിയെ വല്ലാതെ ഉലച്ചുകളഞ്ഞു. എക്കാലവും അഹിംസയിൽ ഉറച്ചുനിന്ന അദ്ദേഹം, പക്ഷെ തന്റെ ആഹ്വാനപ്രകാരം നടന്ന സമരം ഇവ്വിധം ആയിത്തീർന്നതിൽ ഖിന്നനാവുകയും, 5 ദിവസം  നിരാഹാരം അനുഷ്ഠിക്കുകയും  ചെയ്തു. പിന്നീട് കോൺഗ്രസ്സിന്റെ എതിർപ്പ്‌ വകവെയ്ക്കാതെ ഇന്ത്യയിൽ എമ്പാടും പടർന്നുപിടിച്ച സമരം പിൻവലിക്കുകയും ചെയ്തു. വലിയ വിമർശനങ്ങളും, ശകാരങ്ങൾ പോലും ഇതിന്റെ പേരിൽ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇതിന്റെ ഉത്തരവാദത്തിൽ നിന്നു അദ്ദേഹം തന്നെ ഒരിക്കലും മുക്തനാക്കിയില്ല.
നിസ്സഹരണ പ്രസ്‌ഥാനം പിൻവലിച്ചതിന് ശേഷം കേസ് ചുമത്തപ്പെട്ട ഗാന്ധിജി, 1922 മാർച്ച് 18-നു അഹമ്മദാബാദ് കോടതിയിൽ കേസിന്റെ വിചാരണവേളയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: "ചൗരി ചൗരയിലും ബോംബെയിലും മദ്രാസിലും നടന്ന സംഭവങ്ങളെ സംബന്ധിച്ചു അഡ്വക്കേറ്റ് ജനറൽ എനിക്കെതിരെ നടത്തിയ ആരോപണങ്ങളെ അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എത്രയോ ദിവസങ്ങളോളം ആഴത്തിൽ ചിന്തിച്ചിട്ടും അങ്ങേയറ്റം ദാരുണമായ മേൽസംഭവങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കാൻ എനിക്കാവുന്നില്ല. വിദ്യാസമ്പന്നനും, അനുഭവസമ്പന്നനുമായ എനിക്ക് എന്റെ ഓരോ പ്രവൃത്തിയുടെയും അനന്തരഫലം മുൻകൂട്ടി കാണാൻ കഴിയണമായിരുന്നു. തീകൊണ്ടാണ് കളിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു."
"അക്രമം ഒഴിവാക്കപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ വിശ്വാസത്തിലെ ആദ്യസ്‌ഥാനം അഹിംസയ്ക്കാണ്‌. എന്റെ വിശ്വാസപ്രമാണത്തിലെ അവസാന ഘടകവും അതുതന്നെ."
"എന്റെ ജനങ്ങൾ ചിലപ്പോൾ പരിധിവിട്ടുവെന്നു എനിക്കറിയാം. അതിൽ എനിക്ക് അതിയായ ഖേദമുണ്ട്. അതിനാൽ എനിക്ക് പറയാനുള്ളത്, നിങ്ങൾ എനിക്ക് ഏറ്റവും ലഘുവായ ശിക്ഷ തരണം എന്നല്ല, ഏറ്റവും കഠിനമായ ശിക്ഷ തന്നെ തരണം എന്നാണ്. ഞാൻ ഒരു ദയയും ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും തരത്തിൽ ഇതിനെ ലഘൂകരിക്കണം എന്ന് കേഴുന്നുമില്ല."
തുടർന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നുണ്ട്. പക്ഷെ, ഒരു തരത്തിലും തന്നെ ഈ സംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മോചിതനാക്കുന്നില്ല.
ഈ ഗാന്ധിജിയെ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ അക്രമസമരക്കാർ 'ഗാന്ധിമാർഗ്ഗം' എന്നുപറയുന്നതെങ്കിൽ നിങ്ങൾക്കുതെറ്റി. ഇനിയെങ്കിലും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കാനാകാത്ത നിങ്ങളുടെ പുളിച്ച സമരങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കരുത്. അത് അദ്ദേഹത്തോടും ചരിത്രത്തോടും ചെയ്യുന്ന കടുത്ത അനീതിയാണ്. കാരണം നിങ്ങളുടെയും നിങ്ങളുടെ ഈ സമരത്തിന്റെയും സ്‌ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കും.

No comments: