അദ്ദേഹത്തെ നയിച്ചത് മതാത്മകത അല്ലായിരുന്നു, എന്നിട്ടും മഹാത്മാഗാന്ധിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു.
അതേ സമയം തന്നെ അംബേദ്കറെ ബഹുമാനിക്കാൻ അദ്ദേഹത്തിന് കാരണങ്ങളുണ്ടായിരുന്നു. സ.ഏ.കെ.ജി.-യെ സസൂക്ഷ്മം കേൾക്കാൻ അദ്ദേഹത്തിന് ഒരിക്കലും വൈമുഖ്യമില്ലായിരുന്നു. വി.കെ.കൃഷ്ണമേനോനും ലോർഡ് മൌണ്ട് ബാറ്റനും അദ്ദേഹം ആദരണീയനീയനായിരുന്നു. അടുത്ത സഹപ്രവർത്തകർ ആയിരുന്നിട്ടും ഡോ. രാജേന്ദ്രപ്രസാദിനെയും വല്ലഭായ് പട്ടേലിനെയും തിരുത്തേണ്ടപ്പോൾ തിരുത്താൻ അദ്ദേഹം തെല്ലും അമാന്തിച്ചിട്ടില്ല. ഒരു നവസ്വതന്ത്ര-ദരിദ്രരാജ്യത്തിന്റെ പ്രധാനമന്ത്രിയായല്ല, ഒരു ലോകനേതാവായാണ് അദ്ദേഹം ശ്രവിക്കപ്പെട്ടത്.
നെഹ്‌റുവിനെ വ്യക്തിപരമായി ആദർശവൽക്കരിക്കയല്ല. ഏത് ചിന്താധാരകളോടും സംവദിക്കാനുള്ള അദ്ദേഹത്തിന്റെ ജനാധിപത്യബോധത്തെയാണ് ഞാൻ ആദരിക്കുന്നത്. ജനാധിപത്യത്തിലും, മതേതരത്വത്തിലും, ശാസ്‌ത്രോന്മുഖമായ കാഴ്ചപ്പാടിലും അടിയുറച്ചുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയകാഴ്ചപ്പാടിൽ തനിക്കുണ്ടായിരുന്ന ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത്.
ഇതിനൊന്നും ശേഷിയില്ലാഞ്ഞിട്ടും അദ്ദേഹം ഇരുന്നലങ്കരിച്ച പദവിയിൽ ഇന്ന് ഇരിക്കുന്നയാൾ മറ്റ് രാജ്യതലവന്മാരെ ജന്മദിനത്തിൽ സർപ്രൈസ് വിസിറ്റ് നടത്തിയും, ഇന്ത്യൻ വസ്ത്രം അയച്ചുകൊടുത്തും, പശുക്കളെ സമ്മാനിച്ചും, ലോകപൗരനാവാൻ ശ്രമിച്ചു സ്വയം കോമാളിയാവുമ്പോൾ, ഗണപതിയാണ് പ്ലാസ്റ്റിക് സർജറിയുടെ ആദ്യരൂപം എന്ന് ശാസ്ത്രജ്ഞരോട് പ്രസംഗിച്ചു പരിഹാസ്യനാവുമ്പോൾ, കയ്യിൽ പറ്റിയ രക്തക്കറ മായ്ക്കാൻ കോടതികൾ കയറിയിറങ്ങുമ്പോൾ നെഹ്രുവിന്റെ ഔന്നത്യം ഒന്നുകൂടി ഉയരുകയാണ്..
'കുട്ടികളുടെ ചാച്ചാജി' എന്നാണ് വിളിപ്പേരെങ്കിലും, കുട്ടിയായിരുന്നപ്പോഴത്തേക്കാളും മുതിർന്നപ്പോഴാണ് എനിക്ക് അദ്ദേഹം കൂടുതൽ പ്രിയങ്കരനാവുന്നത്..
[വിയോജിപ്പുകളും വിമർശനങ്ങളും ഇല്ലെന്നല്ല. അതൊക്കെ നിലനിർത്തുമ്പോഴും അദ്ദേഹത്തെ ആദരിക്കാൻ ഒരു മടിയും തോന്നുന്നില്ല എന്നാണ്.]
No comments:
Post a Comment