Tuesday, October 16, 2018

96 - 'ഓർമകളുടെ തടവുകാർക്ക് ഒരു ഉത്തമഗീതം'

"मेरा कुछ सामान तुम्हारे पास पड़ा है
सावन के कुछ भीगे भीगे दिन रखे हैं
और मेरे एक खत में लिपटी रात पड़ी है
वो रात बुझा दो, मेरा वो सामान लौटा दो"
(Gulzar, 'Ijaazat', 1987)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാട്ട് ഒരു ലഹരി പോലെ ബാധിച്ചിട്ട്. ഗുൽസാർ സംവിധാനം നിർവ്വഹിച്ച 'ഇജാസത്ത്' എന്ന സിനിമയ്ക്കായി അദ്ദേഹം തന്നെ രചിച്ച ഗാനമാണിത്. പിരിഞ്ഞുപോയിട്ടും പിരിച്ചെടുക്കാനാവാത്ത നിസ്സഹായത ഈ പാട്ടിൽ ഘനീഭവിച്ച് നിൽക്കുന്നുണ്ട്. അങ്ങനെ ഈ ഗാനം ഒരു പശ്ചാത്തല സംഗീതം പോലെ മനസിൽ തുടരുമ്പോഴാണ് '96 എന്ന സിനിമ കാണുന്നത്. എന്തൊരു സിനിമയാണ്! സിനിമ എന്ന മാധ്യമം കഥ എന്ന മറ്റൊരു മാധ്യമത്തിന്റെ അസ്ഥിവാരത്തിലല്ല സൃഷ്ടിക്കപ്പെടുന്നതെന്നും അതിന് ദൃശ്യാനുഭവത്തിന്റെ സ്വതന്ത്ര നിലനിൽപുണ്ടെന്നും ഈ ചിത്രം അടിവരയിടുന്നു.
ഓർമകളിൽ ജീവിക്കുന്നവർ! ചിലർ അങ്ങനെയുണ്ട്. മറ്റുള്ളവരുടെ കണ്ണിൽ അവർ സജീവമായ ജീവിതം നയിക്കുന്നവരാവാം. ഉള്ളിൽ അവർ ഇപ്പോഴും ഓർമ്മകളിലാണ്‌ ജീവിക്കുന്നത്, ഭൂതകാലത്തിന്റെ തടവുകാരായി. എല്ലാവരും ഏറിയും കുറഞ്ഞും ഓർമകൾ സൂക്ഷിക്കുന്നവരാണ്. പക്ഷെ ഓർമകളിൽ ജീവിക്കുന്നവർ അപൂർവമാണ്. അങ്ങനെ ജീവിക്കാൻ അവരെ പ്രേരിപ്പിക്കുന്ന തീവ്രമായ ഓർമകളുള്ളവർ. ആ ഓർമകളിൽ നിന്നും വിടുതൽ നേടാൻ വിമുഖരായവർ, അവ എത്ര വേദന നൽകുന്നതാണെങ്കിലും.  "ദുഃഖമാണെങ്കിലും, നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ!" എന്ന വരികളിലെ ആ 'ആനന്ദ'ത്തെ കൈവിടാൻ മനസ്സുവരാത്തവർ.
ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞിട്ടും, എന്നെന്നേക്കുമായി തനിക്ക് ജാനകിയെ നഷ്ടപ്പെട്ടുവെന്ന വർത്തമാനകാലയാഥാർത്ഥ്യം കണ്മുന്നിൽ ഉണ്ടായിട്ടും, അതിനെയെല്ലാം തിരസ്കരിച്ചുകൊണ്ട് അവളെ അടയാളപ്പെടുത്തുന്ന ഓരോന്നും ഒരു പെട്ടിയിൽ ഭദ്രമായി വീട്ടിലും, ഒരു നീറുന്ന നോവായി ഹൃദയത്തിലും കൊണ്ടുനടക്കാനാണ് രാമചന്ദ്രൻ ഇഷ്ടപ്പെടുന്നത്. അവളെ പിരിഞ്ഞിടത്തുനിന്നു ഒരിഞ്ച് പോലും നീങ്ങാൻ അയാൾക്ക്‌ കഴിയുന്നില്ല. അതുകൊണ്ടു തന്നെയാണ്, തന്നെ അവൾ നിഷേധിച്ചു എന്നറിഞ്ഞിട്ടും വിവാഹം വരെ അവൾ അറിയാതെ അവളെ അയാൾ പിന്തുടർന്നത്. പക്ഷെ താലികെട്ടുന്നത് കാണാൻ അയാൾ കാത്തുനിന്നില്ല. അവിടെ നിന്ന് എങ്ങോട്ടേക്കെന്നില്ലാതെ ഓടിയകന്ന അയാൾ പിന്നീട് അവളെ പിന്തുടർന്നുമില്ല. മറ്റെവിടെയും അയാൾക്ക് അപ്രസക്തനാകാം. പക്ഷെ, അവളുടെ കാര്യത്തിൽ രണ്ടാമനാകുവാൻ അയാൾക്കു കഴിയുമായിരുന്നില്ല.
ഒരു രാത്രി മുഴുവൻ, 20 വർഷങ്ങളുടെ ഓർമകളിൽ, അതിന്റെ വൈകാരികകയറ്റിറക്കങ്ങളിൽ, ചിലവിടുമ്പോഴും അവരെ ബന്ധിപ്പിക്കുന്ന ഒരു നിഷ്കളങ്കസ്നേഹത്തിന്റെ ഓരോ വിശദാംശങ്ങളും അവർ സൂക്ഷിക്കുന്നുണ്ട്. 'നീ സന്തോഷവതിയല്ലേ?' എന്ന അവന്റെ ചോദ്യത്തിലും 'സന്തോഷത്തിന്റെ കാര്യം അറിയില്ല, സമാധാനമുണ്ട്' എന്ന അവളുടെ ഒഴുക്കൻ മറുപടിയിലും അവർ പരസ്പരം പറയാതെ പറയുന്നുണ്ട്, 'നീ ഒപ്പമില്ലാതെ എനിക്ക് എങ്ങനെയാണ് സന്തോഷം ഉണ്ടാവുക! നിന്നോളം എന്നെ ആർക്കാണ് മനസിലാക്കാനാവുക!' എന്ന്. ആ രാത്രി പുലരുമ്പോൾ, എപ്പോഴും അവനെക്കാൾ മന:സ്സാന്നിധ്യമുണ്ടായിരുന്ന അവൾ അവന്റെ കണ്ണിൽ നോക്കാനാകാതെ പിരിയുമ്പോൾ, അവളുടെ ഒരു ജോടി വസ്ത്രങ്ങൾ തന്റെ പെട്ടിയിൽ സൂക്ഷ്മമായി എടുത്തുവെയ്ക്കു
മ്പോൾ, അയാൾ ഒരിക്കൽ കൂടി ഉറപ്പിക്കുകയാവാം, ഇനിയും എത്രയോ കാലം കടന്നുപോവാൻ ഈ രാവിന്റെ ഓർമകൾ മാത്രം മതിയെന്ന്. ഒരു രാത്രിയുടെ പരോളിൽ നിന്നു വീണ്ടും ഓർമകളുടെ സുഖകരമായ തടവിലേക്ക്..

5 comments:

Unknown said...

Arey Wah!!!

Unknown said...

സഖാ...
അക്ഷരങ്ങളിലൂടെ ചിത്രം വരക്കുന്നു....

Unknown said...

Bro..kidu

Elsa Pathiyil said...

Like a cold breeze.....

Radheeshkumar K. Manickyamangalam said...

Love you all!!