Thursday, March 16, 2017

ചെന്താരകമായ് വീണ്ടും ജി.ഇ.സി

തൃശ്ശൂർ ജി.ഇ.സി.യിൽ SFI ഒരിക്കൽ കൂടി ജയിച്ചു എന്നത് സൂര്യൻ കിഴക്കുദിക്കുന്നു എന്നു പറയും പോലെ സ്വാഭാവികമായിത്തീർന്നിരിക്കുന്ന വാർത്തയാണ്. പക്ഷെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രഭ മറ്റൊരു കാരണം കൊണ്ടാണ്. 'ജി.ഇ.സി. യുണൈറ്റഡ്' എന്ന പേരിൽ അണിനിരന്ന മഴവിൽ മുന്നണിയെ പരാജയപ്പെടുത്തിയാണ് ഇത്തവണത്തെ SFI വിജയം. സകല വർഗ്ഗീയ-വലതുപക്ഷ സംഘടനകളും യുണൈറ്റഡ് ആയാണ് SFlയെ നേരിട്ടത്. അതിന് ജി.ഇ.സി. എന്ന് കൂടി ചേർത്ത് വിദ്യാർത്ഥികളെ ആകർഷിക്കാനായിരുന്നു ശ്രമം. പക്ഷെ മാനായി വന്ന മാരീചനെ തുറന്നു കാണിക്കാൻ SFIക്ക് കഴിഞ്ഞു എന്നിടത്തും, അത്തരം ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അർഹിക്കുന്ന പരാജയം സമ്മാനിക്കാൻ ജി.ഇ.സി.യിലെ രാഷട്രീയ പ്രബുദ്ധരായ വിദ്യാർത്ഥികൾക്കും കഴിഞ്ഞു എന്നിടത്തുമാണ് യഥാർത്ഥ വിജയം.
മൃദുല വികാരങ്ങളെ മുതലെടുക്കാനുള്ള ശ്രമങ്ങൾക്ക് വിദ്യാർത്ഥി സമൂഹത്തെ എറിഞ്ഞു കൊടുക്കാതെ രാഷ്ട്രീയ പ്രതിരോധം തീർത്ത SFl ഈ കാലഘട്ടത്തിന്റെ പ്രതീക്ഷയായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.
സഖാക്കൾ ചുവപ്പു നിറം പരസ്പരം വാരിപ്പൂശിയും, പടക്കം പൊട്ടിച്ചും, ദഫ് മുട്ടി പാട്ടുകൾ പാടിയും, ദിഗന്തങ്ങൾ പ്രകമ്പനം കൊള്ളിച്ച് മുദ്രാവാക്യം മുഴക്കിയും സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ഒരായിരം പെരുമ്പറകൾ ഒരുമിച്ച് മുഴങ്ങിയതു പോലെ. കൂടെയുണ്ടായിരുന്ന സ.മാധവന്റെയും, ഷബ്നയുടെയും, പ്രേംശങ്കറിന്റെയും മാനസികവസ്ഥയും ഇതൊക്കെ തന്നെയായിരുന്നിരിക്കണം. രാവിലെ മുതൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ഇന്നത്തെ ജി.ഇ.സി സഖാവു പോലെ മുൾമുനയിൽ നിന്നവർക്കും ആവേശം. ഞങ്ങളുടെ പ്രതീക്ഷകൾക്കു തിളക്കമേറുന്നുണ്ട്. വർഗീയതയും വലതുപക്ഷവും ഏത് രൂപത്തിൽ വന്നാലും തിരിച്ചറിയാനും പ്രതിരോധിക്കാനും നിങ്ങൾ നേടിയ സംഘടനാകരുത്തും രാഷ്ട്രീയ ജാഗ്രതയും കണ്ണിലെ കൃഷ്ണമണി പോലെ കാക്കുക. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയുകയും, പുതിയ പ്രതിരോധത്തിന്റെ ചെങ്കോട്ടകൾ കെട്ടുകയും ചെയ്യുന്ന യൗവ്വനത്തിലാണ് നാളെയുടെ പോരാട്ടങ്ങൾകൾക്കുള്ള തീവിത്തുകൾ ഉരുവം കൊള്ളുന്നത്..
ജി.ഇ.സി. ഇനിയും ചുവക്കട്ടെ..
ചുവന്നങ്ങനെ ജ്വലിക്കട്ടെ..
പോരാട്ടങ്ങൾ തുടരട്ടെ..
അഭിവാദ്യങ്ങൾ..

No comments: