Thursday, March 16, 2017

അങ്കമാലി ഡയറീസ്

അങ്കമാലി ഡയറീസ് കണ്ടു..
ഈ സിനിമയിൽ അങ്കമാലിയുടെ മണവും നിറവുമുണ്ട്. മാർക്കറ്റും, പോർക്കും, പാരീസ് ഹോട്ടലും, പള്ളിയും, പെരുന്നാളും, ചേറ്റുങ്ങൽ ബാറും, പ്രദക്ഷിണവും എല്ലാം ചേർന്ന് അങ്കമാലിയെ അനുഭവിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുമ്പുവരെ അങ്കമാലിയിൽ കുപ്രസിദ്ധമായിരുന്ന ഗുണ്ടാസംഘങ്ങളും, നിമിഷ നേരം കൊണ്ട് പ്രകോപിതമാകുന്ന ശരാശരി അങ്കമാലിക്കാരന്റെ മനസും, അരക്ഷിതത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന യൗവ്വനങ്ങളും ഈ സിനിമയ്ക്ക് പശ്ചാത്തലമാവുന്നുണ്ട്. ആകാരം കൊണ്ട് ചെറുതെങ്കിലും സ്ക്രീനിൽ അപാരമായ സാന്നിദ്ധ്യം കൊണ്ട് നിറയുന്ന അപ്പാനി രവിയും, പൊട്ടിത്തെറിച്ച യൗവ്വനം കണ്ണിൽ നിറച്ച വിൻസന്റ് പെപ്പെയും, ഓരോ ചെറുചലനങ്ങളിലും പ്രണയം തൂവുന്ന ലിച്ചിയുമടക്കം മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത എത്ര കഥാപാത്രങ്ങൾ !! പലരെയും പക്ഷെ അങ്കമാലിക്കാർക്ക് കണ്ടോ കേട്ടോ പരിചിതമായി അനുഭവപ്പെടുകയും ചെയ്യും.
സിനിമ 'കഥ പറച്ചിലാണ്' എന്ന് ഒരു കഥയുമില്ലാതെ ധരിച്ചു പോയ മലയാളത്തിൽ ഇത്തരം സംരംഭങ്ങളാണ് അപൂർവ്വമായെങ്കിലും സിനിമാറ്റിക് അനുഭവങ്ങൾ സമ്മാനിക്കുന്നത്. അങ്കമാലിയിൽ കറങ്ങി നടന്ന കഥാപാത്രങ്ങൾക്കു പുറകേ ഓടുകയായിരുന്നു എന്ന മട്ടിൽ ക്യാമറ കൈകാര്യം ചെയ്ത ഗിരീഷ് ഗംഗാധരനും, സിനിമയ്ക്ക് ബാധ്യതയാവാത്ത വണ്ണം സംഭാഷണങ്ങൾ പോലെ ഗാനങ്ങൾ കോർത്തു വെച്ച പ്രശാന്ത് പിള്ളയുമടക്കമുള്ള സാങ്കേതിക വിദഗ്ധർ തരുന്ന പ്രതീക്ഷകൾ വാനോളമാണ്. എന്നാൽ സാങ്കേതികതകൾ കൊണ്ട് സങ്കീർണ്ണമാക്കാതെ അനുഭവങ്ങളുടെ മൂർച്ചത്തിളക്കമുള്ള സിനിമ. അങ്കമാലിയിലെ എല്ലാ ചെറുപ്പക്കാരുടെയും ചേട്ടനായ സജി വർഗ്ഗീസേട്ടന്റെ സഹോദരനായ സിനോജ് വർഗീസേട്ടന്റെ (കുഞ്ഞൂട്ടി) സാന്നിദ്ധ്യവും സിനിമയെ വ്യക്തിപരമായി പ്രിയപ്പെട്ടതാക്കുന്നുണ്ട്. ആദ്യ സിനിമയെന്ന് തോന്നിക്കാത്തവണ്ണം അറിഞ്ഞഭിനയിച്ച 86 പുത്തൻ വാഗ്ദാനങ്ങൾക്കും, അങ്കമാലിയുടെ ഒരു മുഖം നാടകീയതയില്ലാതെ എഴുതി ഫലിപ്പിച്ച ചെമ്പൻ വിനോദ് ജോസിനും, ആമേൻ എന്ന സിനിമയ്ക്കു ശേഷം സിനിമാവതരണത്തിൽ പുതിയ വഴിയിലൂടെ ഏറെ മുന്നേറിയ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും അഭിനന്ദനങ്ങൾ..
അവസാനമായി, വിൻസെന്റ് പെപ്പെ ആ അങ്കമാലി മലയാളം പറയുന്നത് കേൾക്കുമ്പോ വല്ലാത്ത ഒരു സുഖമുണ്ട്..

No comments: