Tuesday, October 2, 2018

Unconditional

ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള വാക്ക് ഏതാണെന്നു ചോദിച്ചാൽ എന്റെ ഉത്തരം 'unconditional' എന്നതാണ്..
ഉപാധികളില്ലാത്തത്..

Friday, September 14, 2018

നിന്റെ കണ്ണുകൾ..


സ്ഫടികപാത്രത്തിലെ സ്വർണ്ണമീനിന്റെ പിടച്ചിൽ പോലെ നിന്റെ കണ്ണുകൾ..
ചുറ്റും കൂരിരുൾ പരന്നപ്പോൾ നിലാവ് ചൊരിഞ്ഞ പൗർണ്ണമി പോലെ..
വാക്കുകളാൽ പരിഭാഷപ്പെടുത്താൻ കഴിയാത്ത ആയിരം വികാരങ്ങളെ ഒരു നോക്കിൽ കുറിച്ചിട്ട കവിത പോലെ..
എങ്ങോട്ടെന്നറിയാതിരുന്ന യാത്രകൾ സാർത്ഥകമാക്കിയ ദിശാനക്ഷത്രം പോലെ..
നിന്റെ കണ്ണുകൾ..

Tuesday, September 11, 2018

അലിഞ്ഞലിഞ്ഞ്...

അലിഞ്ഞലിഞ്ഞ് നീ എന്തായിത്തീരും?
ഒരു കാറ്റ്?
എങ്കിൽ എന്റെ ഹൃദയ ശംഘിൽ നീയൊരു സാഗരം നിറയ്ക്കും..
ഒരു ഇല?
എങ്കിൽ എന്റെ വേരുകളിൽ നിന്ന് നിന്റെ ഞരമ്പുകളിലേയ്ക്ക് രക്തമൊഴുകും..
ഒരു നീർകണം?
എങ്കിൽ എന്റെ സജലമിഴികളിൽ നീയൊരു നിത്യസാന്നിദ്ധ്യമാവും..
ഒരു പൂവ്?
എങ്കിൽ എന്റെ സൂര്യൻ അസ്തമിക്കാതെ ജ്വലിക്കും, നിന്നെ കാണുവാൻ മാത്രം.. എന്തായിത്തീർന്നാലാണ് പെണ്ണേ നീ എന്നിൽ നിന്നും മറ്റൊന്നാവുക?

14/6/17

Sunday, September 9, 2018

ദൂരം

"ഒരു നിശ്വാസത്തിന്റെ അകലത്തിൽ നിന്നും ഒരു കയ്യകലത്തിലേയ്ക്ക് എത്ര ദൂരമുണ്ടെന്നറിയുമോ?
എണ്ണമറ്റ രാത്രികളിലൊഴുക്കിയ കണ്ണീർകടലിന്റെ ആഴത്തോളം."

Friday, September 7, 2018

പ്രളയം

പ്രളയം

അവർ പറഞ്ഞത് നേരാണ്,
അണക്കെട്ട് നേരത്തെ തുറക്കണമായിരുന്നു.
വേർപിരിയലിന്റെ പേമാരിദിനങ്ങൾക്ക് കാത്തുനിൽക്കാതെ,
അണകെട്ടിനിർത്തിയ സ്നേഹം യഥാസമയം തുറന്നുവിട്ടിരുന്നെങ്കിൽ
ഇന്നീ കണ്ണീരിന്റെ പ്രളയം ഉണ്ടാകുമായിരുന്നില്ലല്ലോ..

Wednesday, June 13, 2018

ജി ഈ സി എന്ന ജീവിതവ്യവസ്‌ഥ

"हज़ारों ख्वाहिशें ऐसी
के हर ख्वाहिश पे दम निकले |
बहुत निकले मेरे अरमान लेकिन फिर भी कम निकले |"
[Mirza Ghalib]

തൃശ്ശൂർ ജി.ഇ.സിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി പാലക്കാടൻ കാറ്റേൽക്കുന്നത്. വല്ലാത്ത ഒരു പ്രതിഭാസമാണത്. രാത്രിയിൽ ശക്തി പ്രാപിക്കുന്ന കാറ്റ് ഭൂമിയെയും ശരീരത്തെയും വരണ്ടതാക്കി കടന്നു പോകും. അങ്ങനെ പാലക്കാടൻ കാറ്റ് നന്നായി വീശുന്ന ഒരു രാത്രിയിൽ, ജി.ഇ.സി-യിലെ ഗ്രൗണ്ടിനരികിലെ കലിങ്കിൽ നവീനോടൊപ്പം ആകാശം നോക്കിക്കിടക്കുകയായിരുന്നു. വെക്കേഷൻ സമയം ആയിരുന്നതിനാൽ ഹോസ്റ്റലിൽ കുട്ടികൾ തീരെ കുറവ്. എല്ലാം കൊണ്ടും വരണ്ട്, നിശ്ചലമായ അവസ്ഥ. കാറ്റ് മാത്രം കൂസലില്ലാതെ വീശുന്നുണ്ട്. ഒട്ടുനേരത്തെ നിശബ്ദതയ്ക്കു ശേഷം നവീൻ ചോദിച്ചു
'നിനക്ക് കരയാൻ തോന്നുന്നുണ്ടോ, കാരണമെന്തെന്നറിയാതെ?'
ഞാൻ മൂളുക മാത്രം ചെയ്തു.
'നിനക്കോ?' എന്നു തിരിച്ചു ചോദിച്ചില്ല..

ചിലപ്പോൾ അങ്ങനെയാണ്, അപ്രതീക്ഷിതമായി, അനുവാദം ചോദിക്കാതെ, കരച്ചിൽ തൊണ്ടയിൽ വന്ന് തിങ്ങി ശ്വാസം മുട്ടിയ്ക്കും. കാരണങ്ങൾ പുറകേ വരും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ, ഒറ്റയാവുന്ന രാത്രികളിൽ ഉറങ്ങാതെ കിടക്കുമ്പോൾ, ഓർമ്മകളെ സ്പർശിക്കുന്ന സിനിമാരംഗങ്ങൾ കാണുമ്പോൾ, ചില പാട്ടുകൾ അവിചാരിതമായി കേൾക്കുമ്പോൾ, അങ്ങനെ എത്രയെത്ര സന്ദർഭങ്ങളിലാണ് അറിയാതെ കണ്ണുകൾ ഈറനണിയുന്നത്. ഒരു നീർമണി തുളുമ്പിപ്പോവുമ്പോഴായിരിക്കാം നമ്മൾ അത് തിരിച്ചറിയുന്നത്.

തിരസ്കാരങ്ങളുടെ മഴച്ചാറ്റലിൽ നനയുമ്പോൾ മനസ്സ് ഓടിക്കയറിനിൽക്കുന്നത് ജി.ഇ.സിയൻ ഓർമകളുടെ വരാന്തയിലേക്കാണ്. ഏറ്റവും സമ്പന്നമായ ഓർമ്മകൾ തന്നത് ജി.ഇ.സി ആയതു കൊണ്ടാവണം മറവിയോട് പോരാടിനിൽക്കാൻ അവയ്ക്ക് മറ്റൊന്നിനുമില്ലാത്ത കരുത്ത്. 'കാലമാം ഇലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചി'ട്ടും ജി.ഇ.സി-യുടെ ഓർമ്മകൾ ഇപ്പോഴും തരളമാണ്. ജി.ഇ.സി മറ്റൊരു ജീവിതമാണ്. ചിരിയും, കരച്ചിലും, നൈരാശ്യവും, പ്രതീക്ഷയും, ആവേശവും, മുറിവുകളും നിറഞ്ഞ ഒരു സ്വതന്ത്ര ജീവിതം. അതു കൊണ്ട് തന്നെ ജി.ഇ.സിയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു ജീവിതത്തെയാണ് നമ്മൾ ഓർത്തെടുക്കുക. ഇപ്പോൾ അവിടെ പോവുമ്പോൾ, അപരിചിതരെ പോലെ നോക്കുന്ന കുട്ടികളെ കാണുമ്പോൾ, മനസ്സ്‌ പെരുമ്പറ കൊട്ടുന്നുണ്ട്: "നിങ്ങൾക്കറിയില്ലല്ലോ, ഒന്നര ദശാബ്ദം മുൻപ് ഞങ്ങൾ ഇവിടെ ജീവിച്ചുതീർത്ത  ഇതിഹാസതുല്യമായ ജീവിതഘട്ടത്തെ കുറിച്ച്!". എല്ലാവർക്കും അവരവരുടെ കാലത്തെക്കുറിച്ചു ഇതു തന്നെയാവും തോന്നുക. എന്താവാം അതിനു കാരണം? സംശയരഹിതമായും ചുറ്റുമുണ്ടായിരുന്ന മനുഷ്യരും പ്രസ്ഥാനവുമായിരുന്നു. അക്ഷരാർഥത്തിൽ ഊണിലും ഉറക്കത്തിലും ഒന്നായിരുന്നവർ. സമരമുഖങ്ങളിൽ സ്വന്തമെന്ന വാക്കു മറന്ന്‌ കൂടെ നിന്നവർ. വന്മരങ്ങൾ പോലെ തണലേകിയവർ.  എന്നും കൂടെ ഉണ്ടാവുമെന്ന് കരുതിയിട്ടും അപ്രതീക്ഷിതമായി വഴിപിരിയേണ്ടി വന്നവർ. കോളേജ് ജീവിതം കഴിഞ്ഞതിനു ശേഷം മാത്രം അടുക്കുകയും ഇന്നും ചേർന്നു നിൽക്കുകയും ചെയ്യുന്നവർ. വൈകാരികമായി ബന്ധിപ്പിക്കപ്പെട്ടവർ. ആ സൗഹൃദങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു..
പ്രതിസന്ധികൾ ഒഴിയാത്ത ജീവിതത്തിൽ ഈ ഓർമകൾക്ക് അല്ലാതെ മറ്റെന്തിനാണ് നമുക്ക് കരുത്തേകാനാവുക. അത് ചുവന്നുതുടുത്ത ജി.ഇ.സി.യൻ ഓർമകളാവുമ്പോൾ പ്രത്യേകിച്ചും..

"हाथ छूटे भी तो, रिश्ते नही छोड़ा करते
वक़्त की शाख से, लम्हे नही तोडा करते |"

(അവനവനിൽ നിന്നും മുഖമുയർത്തി അപരനിലേക്കു നോക്കുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റ് ജനിക്കുന്നതെന്ന് അറിയാതെയല്ല. ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച മഗേഷ് ആണ് ഓർമ്മകളെ വീണ്ടും ജ്വലിപ്പിച്ചത്)

Wednesday, March 21, 2018

സാധാരണക്കാരൻ..

സാധാരണക്കാരൻ

അസാധാരണത്വത്തിലേക്കുള്ള കുതറലാണ് അയാളുടെ ഓരോ ദിനവും; ദയനീയമായി ഓരോന്നും പരാജയപ്പെടുമെങ്കിലും.
തനിക്കവകാശപ്പെട്ട ഒലീവിലയുമായി പറന്നുവരുന്ന പ്രാവിന്റെ ചിറകടിയൊച്ച കാതോർത്തുകൊണ്ടാണ് അയാളുടെ ഓരോ ദിനവും പിടഞ്ഞുണരുന്നത്.
പകൽ മുഴുവൻ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ എണ്ണി,
ചിരിച്ചു ചിരിച്ച് മുഖപേശികൾ വലിഞ്ഞു മുറുകും.
നീണ്ടും കുറുകിയും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വന്തം നിഴലിനെ നോക്കി അയാൾ  അസൂയപ്പെടും.
ഉറ്റവരാൽ ഒറ്റുകൊടുക്കപ്പെടുമ്പോഴൊക്കെ റെയിൽ പാളങ്ങളും ബഹുനില കെട്ടിടങ്ങളും അയാളെ മോഹിപ്പിക്കും.
അത്താഴത്തിന് തീൻമേശയിൽ നിശബ്ദത കനക്കുമ്പോൾ കാൽപാദങ്ങൾ തണുത്തു മരവിയ്ക്കും.
സ്വപ്നങ്ങളുടെ കുഴിമാടങ്ങൾക്കു മുകളിൽ അയാൾ അന്തിയുറങ്ങും; അസഹ്യമാം വിധം കൂർക്കം വലിച്ച്.
ഒറ്റയാവുന്ന നിമിഷങ്ങളിൽ കുഴിച്ചുമൂടിയ സ്വപ്നങ്ങളുടെ ഭീകരരൂപിയായ പ്രേതങ്ങളെ പേടിച്ച് അയാൾ കണ്ണുകൾ ഇറുക്കിയടയ്ക്കും.
മുക്കും വായുമടച്ച് പ്രളയം വിഴുങ്ങുമ്പോൾ അനുസരണയോടെ അയാൾ പൊങ്ങിക്കിടക്കും.
ഭാരമില്ലാതെ, ശബ്ദമില്ലാതെ, അടയാളം പോലും അവശേഷിപ്പിക്കാതെ..