Wednesday, December 26, 2018

ബെള്ളിക്കോത്തിന്റെ നിശ്ചലദൃശ്യങ്ങൾ

കുട്ടിക്കാലത്തെ ഓർമകൾ മിക്കവാറും നിശ്ചലദൃശ്യങ്ങൾ പോലെയാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ചലിക്കുന്ന ഓർമകൾ കുറവാണ്. അതുകൊണ്ട് മൂന്നാം ക്‌ളാസ് വരെ പഠിച്ച കാഞ്ഞങ്ങാട്ടെ ബെള്ളിക്കോത്ത് സ്കൂളിനെയും ആ ഗ്രാമത്തെയും കുറിച്ചുള്ള ഓർമകൾ ഇതുപോലെ നിശ്ചലദൃശ്യങ്ങളായാണ് മനസ്സിൽ തെളിയാറ്. വാടകവീടിന്റെ മുറ്റത്തിന്റെ ഒരു വശത്ത് അച്ഛനും മറുവശത്ത് ഞാനും ചേട്ടനും ചേർന്ന് ഷട്ടിൽ കളിക്കുന്നത്, 'സോവിയറ്റ് നാടി'ന്റെയും 'സ്പുട്നിക്കി'ന്റെയും കട്ടിയുള്ള വർണക്കടലാസുകൾ, 'സാജൻ' സിനിമയുടെ ഓഡിയോ കാസറ്റ് കവറിൽ മുടിനീട്ടിവളർത്തിയ സൽമാൻ ഖാന്റെ മുഖം, പച്ചക്കറി അരിയുന്ന അമ്മയുടെ നീട്ടിവെച്ചകാലുകളിൽ കിടന്ന് റേഡിയോയിൽ 'വയലും വീടും' കേൾക്കുന്നത്, സ്‌കൂൾ വിട്ട് വരുന്ന തവിട്ട് നിറമുള്ള ഉടുപ്പിട്ട പ്രിയ, സ്‌കൂൾ വരാന്തയിൽ മറൂണും ക്രീമും കളറുള്ള യൂണിഫോമിട്ട് ഇരുവശത്തേക്കും മുടി പിന്നിയിട്ട് ചിരിച്ചുനിൽക്കുന്ന പ്രസീദ, അജ്ഞാതമായ ഏതോ പാടവരമ്പിലൂടെ ബാലനോടൊപ്പം നടന്നുനീങ്ങുന്നത്, 1990-ലെ ഒരു രാത്രിയിൽ ലീലാവതി ടീച്ചറുടെ വീട്ടിലെ ടീവിയിൽ കണ്ട ലോകകപ്പ് ഫൈനലിൽ തോറ്റ് കുട്ടികളെപ്പോലെ വിതുമ്പുന്ന മറഡോണ, ആയിടെ വാങ്ങിയ ആധുനിക തയ്യൽ മെഷീനിൽ രേണുകേട്ടി തുന്നിപ്പഠിച്ച പുതിയ ഡിസൈനുകൾ, ചേട്ടനും കൂട്ടുകാരും ചേർന്ന് വോളിബോൾ മത്സരം നടത്താനുള്ള പണം പിരിയ്ക്കാൻ കാർബൺ പേപ്പർ വെച്ച് എഴുതിതയ്യാറാക്കിയ സംഭാവനാ റെസിപ്റ്റിലെ ഉരുണ്ട ഭംഗിയുള്ള അക്ഷരങ്ങൾ, 'കൊങ്ങിണികളുടെ വീട്ടി'ലെ ടിവിയിൽ ഞായറാഴ്ച തെളിയുന്ന 'പരംവീരചക്രം'.. ഇതെല്ലാം ഫോട്ടോഗ്രാഫുകൾ പോലെ മനസ്സിലുണ്ട്. ചലിക്കുന്ന ഓർമകൾ തുടങ്ങും മുൻപ്, സ്വദേശമാണെന്ന് വെക്കേഷനിൽ മാത്രം ഓർക്കാറുണ്ടായ, അങ്കമാലിയിലേയ്ക്ക് പറിച്ചുനടുകയായിരുന്നു. മഹാകവി പി-യുടെ നാട്ടിൽ നിന്ന് മഹാകവി ജി-യുടെ നാട്ടിലേയ്ക്ക്. പിന്നീട് പ്രിയയും, ശങ്കർ മോഹനും സുജിത്തേട്ടനും മറ്റും എഴുതുമായിരുന്ന കത്തുകളിൽ ആ നാട് ഇടയ്ക്കിടെ ഓർമയിൽ വന്നു, ഏതാനും വർഷങ്ങളോളം.
അതുകൊണ്ട് കുട്ടിക്കാലം എന്ന് പറയുമ്പോൾ ഫ്രെയിമിൽ ആദ്യം നിറയുക ബെള്ളിക്കോത്ത് ആണ്. പിന്നീട് നീണ്ട 25 വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞ വർഷം ബെള്ളിക്കൊത്തേക്ക് പോവാൻ കഴിഞ്ഞത്. എന്നാൽ മീനാക്ഷിയേട്ടിയേയും കൈരളി ടീച്ചറെയും മാത്രം ഒന്ന് കണ്ട് വേഗം തിരിച്ചുവന്നു.
ഇന്ന് ഒരിക്കൽ കൂടി പോയി. 1995-'96 ബാച്ച് വിദ്യാർത്ഥികളുടെ 'സതീർഥ്യസംഗമ'ത്തിലേയ്ക്ക് അമ്മയെ ക്ഷണിച്ചത് കൊണ്ട്, ആ ബാച്ചുമായി ഞങ്ങൾ വൈകാരികമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട്, അതിൽ പങ്കെടുക്കാൻ. ഏതാനും മണിക്കൂറുകൾ മാത്രമാണ് അവിടെ ചിലവഴിച്ചത്. എത്ര പെട്ടെന്നാണ് അന്നത്തെ വിദ്യാർത്ഥികൾ, അധ്യാപകർ അവരിലേക്ക് ചേർത്തുപിടിച്ചത്. 'ഇനി നിന്റെ മുഴുവൻ പേര് അറ്റന്റൻസ് വിളിക്കണമെങ്കിൽ ഹോർലിക്‌സ് മേടിച്ചുതരണം' എന്ന് പറയുമായിരുന്ന ലീലാവതി ടീച്ചർ, ആ ഒരു ഓർമയുടെ അയവിറക്കലിൽ ഒരു നിമിഷം കൊണ്ട് എന്നെ മൂന്നാം ക്ലാസ്സിൽ ഇരുത്തി. കൈരളി ടീച്ചർ, ഭട്ട് മാഷ്, രണ്ട് മാധവൻ മാഷുമാർ, നാരായണൻ മാഷ്‌ എന്നിവരും വാത്സല്യം മറച്ചുവെച്ചില്ല. 26 വർഷങ്ങൾക്ക് ശേഷം പ്രസീദയെ കണ്ടു. അവൾ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഗൗരവക്കാരിയായിരിക്കുന്നു. സുജിത്തേട്ടന്റെയും ബീനച്ചേച്ചിയുടെയും നോട്ടങ്ങളിൽ ചേട്ടന്റെയും ചേച്ചിയുടെയും അധികാരഭാവങ്ങൾ ഇടയ്ക്ക് മിന്നിത്തെളിഞ്ഞു. ഹാ! ഈ നാട് വല്ലാതെ പിടിച്ചുവലിയ്ക്കുന്നു.
തിരിച്ചുപോരുമ്പോൾ ഒന്ന്‌ മനസ്സിൽ ഉറപ്പിക്കുന്നു, ഇനിയും വരും ഈ നാട്ടിലേയ്ക്ക്. ഏറ്റവും ആദ്യം മുളച്ച ഓർമയുടെ വേരുകൾ ആണ്ടത് ഈ നാടിന്റെ നിഷ്കളങ്കമായ മണ്ണിലേയ്ക്കായിരുന്നു. ഈ നാട് ഞങ്ങളുടെയും കൂടിയാണ്..