Monday, April 25, 2016
Thursday, April 21, 2016
Sunday, February 14, 2016
ആരോടു യാത്ര പറയേണ്ടു ?
ആരോടു യാത്ര പറയേണ്ടു ?
ഒരിക്കലും പരിചയപ്പെട്ടിട്ടില്ലെങ്കില്‍
പോലും ഒരുപാട് മലയാളികള്‍ക്കെന്ന പോലെ ഒ.എന്‍വി. എനിക്കും വലിയ
അടുപ്പമുള്ളയാളായിരുന്നു. നന്നേ ചെറിയ പ്രായത്തിലെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്
അച്ഛന്‍ ഒ.എന്‍.വി-യുടെ കവിതകള്‍ ഈണത്തില്‍ ചൊല്ലുന്നത്. ‘നിശാഗന്ധി ! നീയെത്ര ധന്യ!’-യിലെ “മഡോണാസ്മിതത്തിന്നനാഘ്രാ- തലാവണ്യനൈര്‍മല്യമേ! മൂകനിഷ്പന്ദഗന്ധര്‍വ്വസംഗീതമേ...” ഇടയ്ക്കിടെ ചേട്ടന്‍ ഏറ്റവും ഇഷ്ടപ്പെട്ട് പാടിയിരുന്നു.
കോതമ്പുമണികളും കുഞ്ഞേടുത്തിയും നിശാഗന്ധിയും സന്താള്‍ നര്‍ത്തകരും ഭൂമിക്ക് ഒരു
ചരമഗീതവും ബാവുല്‍ ഗായകനും സമ്പന്നമാക്കിയ ഒരു ബാല്യകാലം അവകാശപ്പെടാന്‍ കഴിയുന്ന
തലമുറയാണ് എന്റേത്. സ്കൂള്‍ കലോത്സവങ്ങളില്‍ ഞങ്ങള്‍ ഒ.എന്‍.വി.യായും വയലാറായും മധുസൂദനന്‍
നായരായും കവിതാപാരായണവേദികളില്‍ മത്സരിച്ചിരുന്നു. പ്രസംഗവേദികളില്‍ ‘സൂര്യഗീത’വും ‘ഭൂമിക്കൊരു ചരമഗീത’വും ഞങ്ങള്‍ സ്ഥിരമായി
ഉദ്ധരിച്ചിരുന്നു. എസ്.എഫ്.ഐ-യില്‍ നിന്ന് വിടപറഞ്ഞിറങ്ങിയ വേദിയില്‍ എനിക്ക്
പറയാനുള്ളത് മുഴുവന്‍ ഒ.എന്‍.വി. തന്റെ വരികളില്‍ നേരത്തെ എഴുതിവച്ചിരുന്നു;
“എത്ര സഹയാത്രികര്‍, സമാനഹൃദയര്‍,
ജ്ഞാന-
ദു:ഖങ്ങള്‍ തങ്ങളില്‍ പങ്കുവെച്ചോര്‍,
മധുരാക്ഷരങ്ങളില്‍ നിറഞ്ഞ മധുവുണ്ണുവാന്‍
കൊതിയാര്‍ന്ന കൊച്ചുഹൃദയങ്ങള്‍,
സാമഗീതങ്ങളെ സാധകം ചെയ്തവര്‍,
ഭൂമിയെ സ്നേഹിക്കുവാന്‍ പഠിപ്പിച്ചവര്‍,
മണ്ണിന്റെയാര്‍ദ്രമാമാഴങ്ങള്‍ തേടിയോര്‍,
വിണ്ണിന്റെ ദീപ്തമാമുയരങ്ങള്‍ തേടിയോര്‍,
മുന്നിലൂടവരൊഴുകി നീങ്ങുന്ന കാഴ്ചയുള്‍-
ക്കണ്ണുകളെയിന്നും നനയ്ക്കെ,
ഓര്‍മകളിലിന്നലെകള്‍ പിന്നെയുമുദിക്കെ, യവ-
യോരോന്നുമുണ്മയായ് നില്‍ക്കെ,
ആരോടു യാത്രപറയേണ്ടു ഞാനെന്തിനോ-
ടാരോടു യാത്രപറയേണ്ടു?”
പിന്നീട് M.Tech പഠിക്കുമ്പോള്‍ എന്റെ സുഹൃത്ത്
ബെറ്റ്സി ക്രിസ്തുമസിന് സമ്മാനമായി തന്നത്
ഒ.എന്‍.വി-യുടെ തെരഞ്ഞെടുത്ത കവിതകള്‍ എന്ന DC ബുക്സ് പുറത്തിറക്കിയ സുവര്‍ണപുസ്തകം
ആയിരുന്നു. സുവര്‍ണാക്ഷരങ്ങള്‍ സ്വര്‍ണതാളുകള്‍ കൊണ്ട് അലങ്കരിച്ച ഒരു സുവര്‍ണപുസ്തകം. എക്കാലത്തെയും ഏറ്റവും
ഓമനിക്കുന്ന സമ്മാനങ്ങളിലൊന്ന്‍.
ഒ.എന്‍.വി കേരളത്തിലെ ഏറ്റവും തലപ്പോക്കമുള്ള പ്രഭാഷകന്‍ കൂടിയായിരുന്നു, ശാരീരികമായി അവശത
അനുഭവിച്ചു തുടങ്ങിയിട്ടും അദ്ദേഹം സംസാരിച്ചുതുടങ്ങുമ്പോള്‍ അവശത തീണ്ടാത്ത
സ്ഫുടം ചെയ്ത വാക്കുകള്‍ കൊണ്ട് പ്രസംഗവേദിയെ പുളകം കൊള്ളിച്ചിരുന്നു.
അകലെ നിന്നുപോലും നമ്മുടെ ജീവിതത്തെ ധന്യമാക്കിയ മനുഷ്യര്‍
വിടവാങ്ങുന്നത് എത്രയും വേദനാജനകമാണ്. നാട്യങ്ങളുടെ ലോകത്ത് മൌലികമായ മാന്യജീവിതം
കൊണ്ട് നമ്മെ അനുഗ്രഹിച്ചവര്‍. നന്ദി, ജീവിതാന്ത്യം വരെ വീണ്ടും വീണ്ടും ഓര്‍മ്മിക്കാന്‍
വിലയേറിയ വാക്കുകള്‍, മധുവൂറുന്നഓര്‍മ്മകള്‍ സമ്മാനിച്ചതിന്, സമരഭൂമിയില്‍ ആവേശം പകര്‍ന്ന വിപ്ലവഗാനങ്ങള്‍ തന്നതിന്; ഒരിക്കലും
വാടാത്ത നാലുമണിപ്പൂക്കള്‍ ഞങ്ങളുടെ ഹൃദയത്തില്‍ നട്ടതിന്..
“എവിടെ മനുഷ്യനു,ണ്ടവിടെയെല്ലാമുയിര്‍-
ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാനം!”
(കറുത്ത പക്ഷിയുടെ പാട്ട്, 1977)
Wednesday, February 3, 2016
Subscribe to:
Posts (Atom)